Sunday, May 23, 2010

മഴ മേഘങ്ങള്‍ മറച്ചയെന്റെ കാര്‍ത്തിക നക്ഷത്രം ...


മഴ പെയ്ത് തോര്‍ന്ന സന്ധ്യാ നേരം .. തുളസി തറയിലേക്ക് കൈയ്യില്‍ വിളക്കുമായീ , ശാലീന സുന്ദരിയായ് , മുടിയിഴകളില്‍ വീഴാറായ് നില്‍ക്കുന്ന തുളസികതിരുമായ് , നെറ്റിയില്‍ ഭസ്മം തൊട്ട , കാച്ചിയ എണ്ണയുടെ ഗന്ധമുള്ള എന്റെ എന്നത്തേയും പ്രീയ പ്രണയിനി ...

കത്തുന്ന ദീപത്തിന്‍ ഇത്തിരി വെളിച്ചത്തില്‍ മനസിലെ സ്നേഹത്തിന്‍ മഞ്ചിരാത് ഒരിക്കലും കെടരുതെ എന്ന് പ്രാര്‍ത്ഥിച്ചു തന്‍റെ എല്ലാമായ പ്രീയനേ മാത്രം ധ്യാനിച്ച്‌ അവള്‍ കണ്ണുകള്‍ പൂട്ടിനിന്നു .
തുളസി തറയോടു ചേര്‍ന്ന് നിന്ന ചെമ്പക തയ്യില്‍ മഴ അവശേഷിപ്പിച്ചു പോയ നീര്‍ത്തുള്ളികള്‍ അപ്പോഴും അനുഗ്രഹിക്കും പോലെ അവളുടെ ശിരസില്‍ മെല്ലെ പൊഴിയുന്നുണ്ടായിരുന്നു

അവള്‍... കണ്ണുകളില്‍ കാരുണ്യത്തിന്റെയും , പ്രണയതിന്റെയും പ്രഭ പൊഴിച്ച് എന്നരുകില്‍ വന്നിട്ട് വര്‍ഷങ്ങള്‍ കൊഴിഞ്ഞിരിക്കുന്നു .. എന്റെ നോവുകളെ ഒരു ചെറു വാക്കിനാല്‍ അകറ്റി നിര്‍ത്തിയുരുന്ന , മനസ്സില്‍ കനലെരിയുമ്പൊള്‍ കുളിര്‍ മഴയായ് പൊഴിഞ്ഞിരുന്ന , കാവിലേ ചെറു വെളിച്ചത്തില്‍ അവളുടെ സുഗന്ധം പുല്‍കുവാന്‍ മാറോട് ചേര്‍ത്തപ്പൊള്‍ നാണത്തോടെ എന്റെ കരവലയത്തില്‍ നിന്ന് കുതറിമാറീയാ എന്റെ പാവം നാട്ടിന്‍പുറത്ത് കാരീ ..

വേദനയുടെ നേരിപോട് പോലെ സ്നേഹത്തിന്റെ ശിലാവിഗ്രഹം പോലെ ഇതാ എന്റെ മുന്നില്‍ ...എന്റെ തൊട്ടടുത്ത്‌...അവളുടെ കൂമ്പിയ കണ്ണുകള്‍ പിടയുന്നത് എനിക്ക് വേണ്ടി ആണെന്നറിഞ്ഞിട്ടും എന്തിനെക്കെയോ വേണ്ടി ഞാന്‍ അകറ്റി നിര്‍ത്തിയ എന്റെ സ്വന്തം.. കാതങ്ങള്‍ക്കപ്പുറം ഇരുന്നു മനസ്സുകള്‍ സംവേദിചിരുന്നെങ്കിലും കണ്ടപ്പോള്‍ ഹൃദയത്തോടൊപ്പം ശരീരവും തളരുന്നു...

പടിപുരവാതിലില്‍ നിന്ന് അവളെ കാണുമ്പൊള്‍ എനിക്കുണ്ടായ നഷ്ടം കണക്കുകള്‍ക്കധീതമായിരുന്നു .. കണ്ണുകളില്‍ നിറഞ്ഞ് തൂവിയ മിഴിനീര് എന്നിലേ കാഴ്ച മറച്ചൂ .. തുളസി തറയിലേ ദീപം കണ്ണില്‍ പടര്‍ന്നു .. കാര്‍ത്തികേ എന്ന് വിളിക്കുവാന്‍ നാവ് പൊന്തിയെങ്കിലും .. കാറ്റിനൊപ്പം വീണ്ടും വന്ന മഴ ചാറ്റലുകളില്‍ അവള്‍ പതിയേ എന്നില്‍ നിന്നകന്ന് പോയീ ..

കൃത്രിമ തണുപ്പില്‍ വെളിയിലേക്ക് നോക്കുമ്പൊള്‍ ഇവിടെയും മഴചാര്‍ത്താണ് .. വിലകൂടിയ വാഹനങ്ങള്‍ മഴയില്‍ ആര്‍ത്തുല്ലസിക്കുന്ന പോലെ .. മനസ്സിനേ ഈ മഴപെയ്യും മരുഭൂവിലെക്ക് കൂട്ടുവാന്‍ കഴിയുന്നില്ല.... അകലെ .. ആ സായം സന്ധ്യയില്‍ എന്റെ പ്രണയിനിക്കൊപ്പം ആ പഴയ കുളിരിനൊപ്പം

എന്നുമവള്‍ ഉണരുന്നത് എനിക്ക് വേണ്ടിയാണ്...എന്നെ ഓര്‍ക്കാന്‍, എന്നെ സ്നേഹിക്കാന്‍,എനിക്ക് വേണ്ടി നോമ്പ് നോല്‍ക്കാന്‍....എന്‍റെ നന്മകള്‍ക്ക് കാരണമായത്‌ അവളുടെ പ്രാര്‍ത്ഥനയുടെ ശക്തി
അല്ലാതെ വേറെന്തായിരുന്നു ..കാവിലെ ദേവിയുടെ മുന്നില്‍ അവള്‍ എനിക്കായി ചൊരിഞ്ഞ കണ്ണീര്‍..

അതില്‍ ഞാന്‍ നേടിയത് ഇന്നത്തെ എന്‍റെയീ ജീവിതം ആണ്..മഴയുടെ നേര്‍ത്ത തൂവാനം പോലെ
എന്നെ സ്നേഹിച്ചവള്‍ .മനസിന്‍റെ ഓരോ അണുവിലും നിറഞ്ഞവള്‍..എന്നിട്ടും പ്രണയത്തിന്‍റെ കാണചെപ്പില്‍ ഞാന്‍ സൂക്ഷിച്ച ഒരു നുള്ള് കുങ്കുമം എന്തെ അവള്‍ക്കന്യമായി.കണ്ണീരില്‍ താഴ്ന്ന ഓര്‍മ്മകള്‍ വീണ്ടെടുത്തത് മോബിലെ പാട്ടാണ്..

"കൃഷ്ണാ നീ ബേഗനേ ബാരോ "..എന്‍റെ മീര ..അവളോടൊപ്പം തെളിഞ്ഞ എന്‍റെ മോളുടെ ചിത്രം
ഇന്നെന്‍റെ പ്രണയം അവരോടാണെന്ന തിരിച്ചറിവ് ...മനസ്സിനേ പതിയേ യാന്ത്രികതയുടെ ലോകത്തേക്ക് ഇടിച്ച് ഇറക്കി .....

ഇന്നലെയുടെ ഉല്‍സവകാഴ്ചകള്‍ ..


 
 
 
 
 
 
 
 
പൂരം ഒഴിഞ്ഞ അമ്പലപറമ്പ് കണ്ടിട്ടുണ്ടൊ ..

അമ്പലനടയിലൂടൊരുനാള്‍ ഏകനായ് നടക്കവേ
ഇന്നലേ വര്‍ണ്ണങ്ങള്‍ കത്തുന്ന തിരികളായ്
മനമൊരായിരം മേളപദങ്ങള്‍ കൊട്ടവേ
അച്ഛനുമ്മയ്ക്കും നടുവിലായ് ബലൂണ്‍
ഉച്ചത്തില്‍ പൊട്ടി തെറിക്കവേ ..
കരിവീരന്‍ തന്‍ മുകളിലായ് മേവും
ദേവന്റെ തിടമ്പില്‍ മുറുകേ പിടിക്കവേ
കുത്തിയോട്ടത്തിന്‍ ലഹരിയില്‍
കണ്ണും മെയ്യും മറന്നാടി കളിക്കവേ
കടലയും , കരിമ്പും, ഈന്തപഴവും
നാവില്‍ ഒരായിരം രസങ്ങള്‍ തീര്‍ക്കവേ
നാടകത്തിന്റെ ചുവന്ന വെളിച്ചത്തില്‍
ചേച്ചിയുടെ മടിയില്‍ കണ്ണുകള്‍ പൂഴ്ത്തവേ
പേടി മാറ്റുവാന്‍ ആനവാലിനായി
പപ്പാന്റെ പിറകില്‍ കാതങ്ങള്‍ നടക്കവേ
കളിയുടെ അന്ത്യം വഴക്കുമായി വന്നൊരു
കരക്കാരനോട് കണ്ണുരുട്ടുവാന്‍ കാത്തിരിക്കവേ
വര്‍ണ്ണവളകളും പൊട്ടും ചാന്തുമായ്
നിറയുമാ വഴികടകളില്‍ കണ്ണോടിക്കവേ
തന്നത്താന്‍ ഓടുന്ന കാറും ബസ്സും
കളിപ്പാട്ടമായ മിഴികളില്‍ തിളക്കം പടര്‍ത്തവേ
പേരറിയില്ലാ മിട്ടായുടെ ചുവപ്പ്
ചുണ്ടിലും നാവിലും രക്തവര്‍ണ്ണം ചാലിക്കവേ
ആള്‍കൂട്ടത്തിന്‍ നടുവിലായ് പാറി പറക്കുന്ന
മായ കുമിളകള്‍ അത്ഭുതം തീര്‍ക്കവേ
ആണ്ടിലൊരിക്കല്‍ നുണയുന്ന പഞ്ഞിമിട്ടായ്
നാവില്‍ പൊടുന്നനേ അലിഞ്ഞിറങ്ങവേ
വെടികെട്ടിന്‍ പ്രഭാപൂരത്തില്‍
കണ്ണും മിഴിച്ചിരിന്ന് ചെവിപൊത്തവെ
പാതിരയായിട്ടും ഉറങ്ങാത്ത ദേവനേ
കുമ്പിട്ട് വണങ്ങി കൈയ്യ് കൂപ്പി തൊഴുകവേ

ഇന്ന് .. പൂരം ഒഴിഞ്ഞ അമ്പലപറമ്പ് ..

ആനയുടെ ചൂരും , മേളത്തിന്‍ അടയാളങ്ങളും
ഉറക്കത്തിന്റെ ആലസ്യവുമായ്
നിറഞ്ഞ പുഴ വറ്റി വരണ്ട പോലെ
ശൂന്യമായ മനസ്സ് പോലെ .. ആരവങ്ങളില്ലാതേ ..

മനസ്സ് ഈ കാഴ്ചയില്‍ വല്ലാതേ നോവുന്നു
എന്നുമീ ദേവന് ഉല്‍സവങ്ങളായിരുന്നെങ്കില്‍ ..

ജീവിതം പോലെ... നമ്മളും ഒരിക്കല്‍ .....