Sunday, October 7, 2012

എന്തോ മൊഴിയുവാനു​ണ്ടാകുമീ..​..!
























പഴമയുടെ കാല്പ്പാടുകള്‍ പതിഞ്ഞ ഇടനാഴികള്‍
വിദൂര ഓര്‍മകളില്‍ പോലുമില്ലാത്ത , എന്നോ പോയിരുന്ന
ആ തറവാട് , എന്തേ ഇന്നിപ്പോള്‍ ഓര്‍മകളില്‍ തെളിയുവാന്‍ ..
അമ്മയോട് വഴക്കിട്ട് പാടത്തേക്കിറങ്ങി നടക്കുന്ന പതിവുകളില്‍
കൈതപൂത്ത തോട്ട് വക്കത്ത് നിന്നും ഇടത്തൊട്ട് തിരിഞ്ഞ്
നീളന്‍ വരമ്പുകളിലൂടെ ഇത്തിരി ദൂരം നടക്കുമ്പോള്‍
ചെറിയ മരപ്പലക കൊണ്ട് തീര്‍ത്ത ഗേറ്റ് .. അതിനുള്ളിലേക്ക് വലിയ മരങ്ങള്‍
പ്രണയം പൊഴിച്ച് മറച്ചു വച്ചിരുന്ന വലിയ ഒരു തറവാട് ..
ഞങ്ങളുടെ അന്നത്തെ കൗതുകം പൂണ്ട " ബംഗ്ലാവ് "...
ഒരിക്കല്‍ ചിറ്റപ്പന്‍ ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന ട്രിപ്പിള്‍ ഫൈവ്
സിഗററ്റ് അടിച്ചു മാറ്റി ഞാനും കുഞ്ഞുമോനും കൂടി ഒരു വൈകുന്നേരം
ആ തറവാടിന്റെ പടിപ്പുര വാതില്‍ വരെ പോയി നിന്നു , ആളനക്കമില്ലാത്ത
ഇടവഴിയുടെ ഇങ്ങേ തലക്കല്‍ ഒരു വലിയ മാവിന്റെ ചോട്ടില്‍ സ്ഥലം കണ്ടെത്തുമ്പോള്‍
ഒരു ചെറു പേടി ഉണ്ടായിരുന്നു മനസ്സില്‍ , മഴ പതിയെ പൊടിഞ്ഞ് വീണ് തീപ്പെട്ടിയെ
നനച്ചു , പരിചയമില്ലാത്ത വലിക്കാരന്റെ പാടു പെടലില്‍ ആദ്യ പുക പുറത്തേക്ക് വിടുമ്പോള്‍
മഴ കനക്കാന്‍ തുടങ്ങിയിരിക്കുന്നു , " വാടാ ആ കോലായില്‍ കേറി നില്‍ക്കാം നമ്മുക്ക് "
കുഞ്ഞുമോന്‍ എന്നേയും വലിച്ച് അവിടെത്തിയ നിമിഷം പേടിയുടെ ആഴം കൂടി വന്നൂ ..
പിന്നിലേ ഒരു ജനാല തുറന്ന് കാറ്റില്‍ അനങ്ങുന്നുണ്ട് ..

പച്ച പരവതാനിയിട്ട അകത്തളം , വലിയ കൊത്തുപണികളൊട് കൂടിയ
കസേര ഒന്നില്‍ അരിക് ചേര്‍ന്ന് മൂട് മൊത്തം കൊള്ളിക്കാതെ ഇരിക്കുമ്പോള്‍
ഉള്ളിന്റെ ഉള്ളില്‍ പെണ്ണു കാണലിന്റെ സുഖമുണ്ടായിരുന്നുവോ ..
അകത്തറകളില്‍ നിന്നും കിലുക്കം കേള്‍ക്കാം , ഹോ ഇവള്‍ വിശ്വസുന്ദരി തന്നെ
താലത്തില്‍ തുളുമ്പാന്‍ വെമ്പി നില്‍ക്കുന്ന " ആട്ടിന്‍ പാല്‍ "
അല്ല ഞാന്‍ എങ്ങനെയാണത് കാണുന്നത് .. ?
എന്റെ കാഴ്ചകള്‍ക്ക് ഇത്രയധികം വ്യാപ്തി ലഭിച്ചുവോ ..
മുകളില്‍ നിന്നുമത് ഞാന്‍ വ്യക്തമായീ കാണുന്നുണ്ടല്ലൊ .. അല്ലേ ?
എന്റെ മുന്നിലേക്ക് താലം നീട്ടുമ്പൊള്‍ , ഇതുവരെ അറിഞ്ഞ സുഗന്ധങ്ങള്‍ക്കൊക്കെ
മേലേ, പറഞ്ഞു ഫലിപ്പിക്കുവനാകാത്തത് അവളില്‍ നിന്നും അകത്തളമാകേ നിറയുന്നുണ്ട് ..
ഒന്നു ചിരിച്ചുവോ ..ചുണ്ടില്‍ തങ്ങി നില്‍ക്കുന്നത് ഒരു വസന്തത്തിന്റെ തേന്‍ നിറവാണോ ..
കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞ് , അകത്തേക്ക് ആനയിക്കുന്നുണ്ട് ..
കാലുകള്‍ അങ്ങൊട്ട് ചലിക്കുകയായിരുന്നില്ല , പതിയേ അവളൊടൊപ്പൊം ഒഴുകി പോകുന്ന പോലെ ..
ആടയാഭരണങ്ങള്‍ അഴിഞ്ഞു വീഴുമ്പോള്‍ , തിളങ്ങുന്ന പട്ടുവസ്ത്രം പൂമെത്തയിലേക്ക്
വേര്‍പെടുമ്പൊള്‍ , ദൂരേ എവിടേയൊ നിന്നും പതിഞ്ഞ സംഗീതം കേള്‍ക്കുന്നുണ്ട് ..

" മിഴികളില്‍ പൂക്കുന്ന മഴ , നിന്‍ മേനിയിലും "
" കരളില്‍ നിറയുന്ന കഥ , നിന്റെ ചുണ്ടിലും "
" മനസ്സ് , തേടി പിടിക്കുന്ന കിനാവിന്റെ മൃദുലത "
" നീ പടി കടത്തി കൊണ്ടു വരുന്ന മഞ്ഞുതുള്ളിതന്‍ ആര്‍ദ്രത "
" പ്രണയം . നീ തന്നെ , നീ എടുത്തണിയുമ്പോള്‍ , എന്നെ അണിയിക്കുമ്പോള്‍ "

കണ്ണുകള്‍ താനേ അടഞ്ഞു പോകുന്നത് അറിയുന്നുണ്ട് ..
ഒരു തിരി വെട്ടത്തിന്റെ നാളം മാത്രം ഇങ്ങനെ നേര്‍ത്ത് നേര്‍ത്ത് ......
എങ്ങൊട്ടേക്കാണ് മനസ്സിന്റെ സഞ്ചാരം ..
അല്ല ആ സഞ്ചാരപദം നിര്‍ണ്ണയിക്കുവാന്‍ നമ്മുക്കാകുമോ ?
ആണായാലും പെണ്ണായാലും കാത്ത് സൂക്ഷിക്കുന്ന ചിലതുണ്ട് ..
കവര്‍ന്നെടുക്കല്‍ എല്ലാം പെണ്ണുങ്ങളില്‍ നിന്നുമാത്രമെന്ന് എങ്ങനെ പറയും ..
" അമ്മ എന്നേ തേടി നടപ്പുണ്ടാകുമോ , " ത്രിസന്ധ്യക്ക് കാവില്‍ വിളക്ക് വച്ചില്ലെങ്കില്‍"
ഈ നേരം കെട്ട നേരത്താണോ , ഞാനീ ഗാഡഗന്ധത്തിനടുത്ത് .. വേണ്ടിയിരുന്നില്ല ..
അല്ല , ഇതിപ്പോള്‍ എന്റെ തെറ്റൊന്നുമല്ലല്ലൊ .. മനസ്സ് ഒരു തരത്തിലുള്ള ഇന്ധനവും
വേണ്ടാതേ ഓടുന്ന ഒന്നല്ലേ .. ആരുണ്ട് കടിഞ്ഞാണിടുവാന്‍ ..

വരൂ .. പ്രീയ ഗായകാ .. നിന്റെ വേണു ഗാനം എന്നേ എത്ര മോഹിപ്പിച്ചെന്നോ ..?
അതു കള്ളം .. നീ അതിനെപ്പോള്‍ എന്റെ വേണു ഗാനം കേട്ടു .. ?
കണ്ണില്‍ നോക്കീ കള്ളം പറയുന്നോ .. ? നീ ഇങ്ങനെ നോക്കല്ലേ ...
ഞാന്‍ സമ്മതിച്ചു പോകും .....

ആ ജനല്പാളികള്‍ നീ ഒന്നടച്ചിടുമോ ..?
പുറത്ത് മഴ പെയ്യുന്നുണ്ടല്ലേ , എത്ര നാളായീ മഴ കണ്ടിട്ട് , ഒന്നു കൊണ്ടിട്ട് ..
നിനക്കൊരു മഴ ഗന്ധമാണ് ,തുലാവര്‍ഷം പെയ്തലച്ചിട്ട് , പൊട്ടിയ കൂണ്‍ ഗന്ധം
കാട് കേറാതെ സ്ത്രീ ജന്മമേ ..
വരൂ എന്റെ കൂടെ , നിനക്ക് മാത്രമായൊരു മഴയുണ്ട് ..
ഈ ചെറു പാളികളിലൂടെ ഊര്‍ന്നിറങ്ങാം .. നിനക്കാകുമോ ?

ചുട്ട് പൊള്ളുന്നുണ്ടല്ലൊ നിന്റെ മേനീ .. എന്തേ ?
നീ കനലായി പൊള്ളിച്ചാല്‍ ഞാന്‍ പിന്നെ .. നോക്കല്ലേടാ ഇങ്ങനെ ...!
കനലില്‍ ചുവന്നു തുടുത്തിട്ട് , പെരുമഴയില്‍ കൊണ്ടു നിര്‍ത്തിയില്ലേ .. നീ
നിന്റെ ആലയില്‍ പൂത്ത എന്നെ നീ .. ഉപേക്ഷിച്ചു കളയുമോ ..?

ഒരു കാര്യം പറയട്ടെ .. നിന്റെ തൊളു മുതല്‍ കൈയ്യ് മുട്ടു വരെ
എന്തു ഭംഗിയാണ് .. ഒന്നു ചേര്‍ത്തു വയ്ക്കു , എന്റെ കവിളുകളിലേക്ക് ..
ഹോ .. നിന്റെ വിരല്‍ തൂലിക , എന്നില്‍ വരച്ച ചിത്രങ്ങള്‍ക്ക്
എന്താണ് ഇത്ര നീളം .. ഒന്നു നിര്‍ത്തൂന്നേ .. മഴ നിറക്കാതെ ..

കാലന്‍ കോഴി കൂവി തുടങ്ങീ , ആരാണാവോ ..
ആരാവാന്‍ , അവര്‍ ഭാഗ്യം ചെയ്തവരാകുമല്ലേ ..
മരിച്ച് ജീവിക്കുന്നവരേക്കാള്‍ .. വിഷാദമോ .. നിന്റെ കണ്ണുകള്‍ക്കൊ ..
സര്‍വ്വാഭരണ വിഭൂക്ഷിതയായ് , സുഖലോലുപയായ് വാഴുന്ന നിനക്ക്
എന്തേ വിഷാദം നിഴലിക്കുവാന്‍ ,, ഈ കണ്ണുകള്‍ക്ക് അതഴകല്ലേട്ടൊ ..

നീ വരുമോ എന്നും ...
ഞാനോ .. ?
നിന്റെ ചുണ്ടില്‍ പുകയിലമണമുണ്ട് ..
നിന്റെ മേനിക്ക് മഴ ഗന്ധവും , കണ്ണില്‍ കടലിന്റെ അലകളും ..
ഒരൊ കൊഴിഞ്ഞു പോക്കും , എന്നില്‍ വിഷാദമാണ് പകരുക ..
നിന്റെ മാറില്‍ തല ചായ്ച്ച് , ഈ ലോകത്തോട് പറയുവാനാകുമോ ..

നേരം വെളുത്ത് തുടങ്ങീ , ഇന്നു ശിക്ഷ തന്നെ .. അമ്മയോട് എന്താ പറയുക ..
മഴ തോരാതെ .. നീ എങ്ങൊട്ടാ .. വേണ്ട അരികില്‍ ചേര്‍ന്നു കിടക്ക്
എണ്ണമയമുള്ള നിന്റെ മേനിയില്‍ മഴപോലും പ്രണയിക്കുന്നില്ലല്ലൊ ..
നിന്നില്‍ നിന്നും പകര്‍ന്നു കിട്ടിയതല്ലാതെ എനിക്കെന്താണ് ..
കൈവിരല്‍ തുമ്പു തൊട്ട് പിരിയുന്നുവോ നീ ..
എത്ര ജന്മം ഞാന്‍ കാത്തിരിക്കണം നിന്റെ മടങ്ങി വരവിന് ..
തിരിഞ്ഞു നോക്കരുതെട്ടൊ ... ചുളിഞ്ഞ് കിടക്കുന്ന ഒന്നും നേരേയാക്കുവാന്‍ ശ്രമിക്കരുത്
അതു ഓര്‍മകളാണ് .. എത്ര ജന്മങ്ങളുടെ വേവിലും , നീയാം മഴയെ അറിയാന്‍ ..

നേരം നന്നായി വെളുത്തുവല്ലൊ .. മരപ്പലക കൊണ്ടുള്ള ഗേറ്റെവിടെ ..
ഇന്നലത്തേ മഴ കൊണ്ട പാടം , കൈതപൂവുകളും തോടും
നീളന്‍ വരമ്പുകളും ... അല്ല വഴിതെറ്റിയോ ആവോ ..
എന്താ അപ്പൂ ഇത് , ഒരൊ സ്ഥലത്ത് പോയീ രാത്രിയൊക്കെ കേറി വരും
എന്നിട്ട് കോലായില്‍ കിടന്നുറുങ്ങേ .. ഇഴജന്തുകളൊക്കെ ഇറങ്ങുന്ന നേരത്ത്
നേരത്തേ വീടണയാന്‍ പറഞ്ഞാല്‍ ആരാ കേള്‍ക്കാ .. നിനക്ക് കുറുമ്പൊരുപാട് കൂടുന്നുണ്ട് ..
എഴുന്നേല്‍ക്ക് അപ്പൂ , പോയി മുഖം കഴുകി വാ , ചായയക്ക് ചൂടാറും ..

ഇന്നലേയും കുഞ്ഞുമോന്‍ പറയുന്ന കേട്ടൂ , പുല്ല് പറിക്കുവാന്‍ പോയപ്പൊള്‍
അവിടെന്ന് വല്ലാതെ അലര്‍ച്ച കേട്ടൂന്ന് , പാവം മോക്ഷമില്ലാതെ അലയുകയല്ലെ ..
ആരാ അമ്മേ .. എവിടെന്നു കേട്ടൂന്ന് ..

""നിത്യമാം ശാന്തിയില്‍ നാം ഉറങ്ങും നേരം , എത്രയൊ രാവുകള്‍ മായാം ..
ഉറ്റവര്‍ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തിലാവാം
അന്നു ഉറ്റവള്‍ നീ തന്നെ ആവാം , അന്നും മുറ്റത്ത് പൂമഴയാകാം ....
എന്തോ മൊഴിയുവാനുണ്ടാകുമീ മഴക്കെന്നൊട് മാത്രമായീ ..
ഏറേ സ്വകാര്യമായീ ...""

"ചിത്രം .. എന്റെ കണ്ണന്റെ "